ഗ്രാമങ്ങളിലാണ് ഭാരതത്തിന്‍റെ ആത്മാവ് കുടി കൊള്ളുന്നതെന്ന് പറയാന്‍ ഒരു ഗാന്ധി നമുക്കുണ്ടായതില്‍ നമുക്കഭിമാനിക്കാം. ഗ്രാമങ്ങളിലെ ആ ആത്മാവ് തിരിച്ചരിയപ്പെടുന്നുണ്ടോ എന്ന് മാത്രം നാം ആശങ്കപെടേണ്ടതുള്ളൂ. ആത്മാവ് നഷടപെട്ട ഗ്രാമങ്ങള്‍ ആത്മാവ് തേടി അലയുമ്പോള്‍, അതിനു വേണ്ടി ഒരു ശ്രമവും നടത്തുവാന്‍ കഴിയാതെ നമ്മള്‍ {എല്ലാരും അങ്ങയല്ല താനും} ഗ്രാമവാസികള്‍ നഗര പ്രാന്തങ്ങള്‍ തേടി പോകുന്ന കാഴ്ച അല്പം വേദനയോടു കൂടി മാത്രമേ കാണാന്‍ കഴിയു. അതിനു കാരണം എന്താണ്..? ഗ്രാമവാസികള്‍ എല്ലാം അത്ര നല്ലവരല്ല എന്നുള്ളതോ, അതോ ഗ്രാമത്തില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം നഗര ജീവിതം തന്നെ അഭികാമ്യം എന്ന നവീനമായ തിരിച്ചറിവോ...? നഗരതതിലെക്കൊതുങ്ങിയാല്‍ കണ്ട അലവലാതികളെ (അങ്ങനെ പറയാമോ എന്നറിയില്ല / ബന്ധു ജനവും പെടും അതില്‍ എന്നോര്‍ക്കണം) കാണാതെ കഴിയാമല്ലോ എന്നുള്ളതുമാകാമല്ലോ..?
പക്ഷേ, എന്‍റെ ഗ്രാമവാസികളില്‍ അധികവും ഈ ഒരു അപവാദത്തിനു പുറത്ത് നില്‍ക്കുന്നവരാണ്. അവര്‍ ഇപ്പോഴും നാട്ടുമ്പുറത്ത്കാരായി സ്വയം ഒതുങ്ങി അവരുടെ നിത്യ വരുമാനത്തിലൂടെയും വിദേശത്ത് നിന്നും വിയര്‍പ്പ് അപ്പമായി കിട്ടുന്ന കാശ് കൊണ്ടും അടങ്ങി ഒതുങ്ങി കഴിയുന്നവര്‍ ആണ് എന്ന് പറയുന്നതില്‍ എനിക്ക് ഇത്തിരി അഹങ്കാരം കലര്‍ന്ന ഗമ ഉണ്ടന്നു കരുതിക്കോളൂ. ഞാനും ഒരു വിദേശി ആയി കഴിയുന്നു എങ്കിലും എന്‍റെ മനസ്സും ശരീരവും ഇപ്പോഴും എന്‍റെ ഗ്രാമത്തിന്‍റെ ഇടവഴികളില്‍ തന്നെയാണ്. അതെന്താണന്നു ചോദിച്ചാല്‍ എന്‍റെ ജീവനും പരാത്മാവും എല്ലാം അവിടെയാണ്. അവിടെ നിന്നും ലഭിക്കുന്ന ആത്മീക സുഖം അത് ലോകത്ത് മറ്റൊരിടത്ത് നിന്നും എനിക്ക് സ്വായത്തമാക്കാന്‍ കഴിയാത്തത് കൊണ്ട് കൂടി ആവാം , അല്ലെങ്കില്‍ അത്തരമൊരു തോന്നല്‍ മനസ്സില്‍ രൂപപെട്ടിരിക്കുന്നതിനാലാവും അതുറച്ചു മനസ്സില്‍ തന്നെ കുടി കൊള്ളുന്നത്.
ആലപ്പുഴ ജില്ലയിലെ ഹരിഗീതപുരം എന്ന ഹരിപ്പാടിനടുത്ത ( ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രവും, മണ്ണാറശാല നാഗരാജക്ഷേത്രവും ഇവിടെയാണ്) പള്ളിപ്പാട് എന്ന ഹരിത മനോഹരമായ അപ്പര്‍ കുട്ടനാടന്‍ ഗ്രാമമാണ് എന്‍റെ ജന്മ നാട്. നിറയെ പുഞ്ച പാടങ്ങളും, വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകുന്ന അച്ചന്‍ കോവിലാറും എന്‍റെ നാടിന്‍റെ മാത്രം സൌന്ദര്യദൃശ്യം എന്നവകാശപെടാന്‍ ഏതൊരു പള്ളിപ്പാട്ടുകാരനും അവന്റെതായ അവകാശമുണ്ട്. ഹരിപ്പാട്ടു നിന്നും കിഴക്കോട്ടു അഞ്ചു കി.മീ.യും , മാവേലിക്കരയില്‍ നിന്നും പത്ത് കി.മീയും, കായം കുളത്ത് നിന്നും ഇരുപത്തിരണ്ടു കിമീയും യാത്ര ചെയ്‌താല്‍ എന്‍റെ ഗ്രാമത്തില്‍ എത്തിച്ചേരാം. റോഡു മാര്‍ഗ്ഗമുള്ള യാത്രയില്‍ നിങ്ങള്‍ അല്പം അസ്വസ്ഥനായെക്കാം. ഏതൊരു ഗ്രാമത്തെ പോലെ, എന്‍റെ ഗ്രാമവും അവിടെയും ഇവിടെയും കുണ്ടും കുഴിയും നിറഞ്ഞ നിരത്തുകള്ലാല്‍ സമ്പന്നം എന്നുള്ളത് വേദനയോടു കൂടി തന്നെ പറയുകയാണ്. ഭൂമി ശാസ്ത്രപരമായ അവസ്ഥ നാം കാണാതെ പോകരുത്. വര്‍ഷകാലത്തും, കര്‍ക്കടകത്തിലും നിറഞ്ഞു പൊങ്ങുന്ന പുഞ്ച പാടങ്ങള്‍ക്കൊപ്പം റോഡും നികന്നു പോകുക സ്വഭാവികമായി സംഭവിക്കുമ്പോള്‍ റോഡിന്‍റെ അവസ്ഥ പരിതാപകരമായില്ലങ്കിലെ അത്ഭുതം കൂറെണ്ട കാര്യം ഉള്ളു. എന്നാലും കെട്ടി കിടക്കുന്ന മഴവെള്ളം ഒലിച്ചുപോകുവാന്‍ ഓട നിര്‍മ്മാണം നടത്തുകയും അത് വേണ്ടും വിധം പരിപാലിക്കുകയും ചെയ്യുകയാണെങ്കില്‍ കുറച്ചു അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും എന്ന് തന്നെ ഈയുള്ളവന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു.
നാനാ മത-ജാതിയില്‍ പെട്ടവര്‍ ഒത്തൊരുമയോടെ പരസ്പരം സഹായിച്ചു ജീവിക്കുന്നത് കാണുമ്പോള്‍, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തത് പോലെ അന്യ സ്ഥലങ്ങളില്‍ ജീവിക്കേണ്ടി വരുന്നവരുടെ കാര്യത്തില്‍ സഹതാപിക്കുകയല്ലേ നിവൃത്തിയുള്ളൂ. പള്ളിപ്പാടിന്റെ സാംസ്കാരികമായ വളര്‍ച്ചയ്ക്ക് എന്നും നിദാനമായിട്ടുള്ള (എന്‍റെയും) ഗാന്ധിജി സ്മാരക ഗ്രന്ഥശാല നഗരജീവിതത്തില്‍ കിട്ടാത്ത ഒരു ഹൃദയ തുടിപ്പ് തന്നെയാണ്. ഗാന്ധിജിയുടെ ചിതാഭസ്മത്തില്‍ നിന്നും ശേഖരിച്ച ഭാസ്മത്താല്‍ സ്ഥാപിതമായ പരിപാവനമായ ഗ്രന്ഥശാല ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ ഇവിടുത്തുകാരുടെ കൂട്ടായ്മയുടെ ചിത്രം വ്യക്തമാക്കുന്നു. ഇരട്ടകുളങ്ങര ദേവീ ക്ഷേത്രം, അരയാകുളങ്ങര ദേവീ ക്ഷേത്രം, മണക്കാട് ദേവി ക്ഷേത്രം, പുല്ലംബട ദേവീ ക്ഷേത്രം, തളിക്കല്‍ ദേവീ ക്ഷേത്രം, പള്ളിപ്പാട് സെന്‍റ് തോമസ് മാര്‍ത്തോമ്മ വലിയ പള്ളി (ഈയുള്ളവന്‍റെ സ്വന്തം പള്ളി. മാമോദീസാ മുക്കിയതും, വിബിഎസ്സു പഠിച്ചതും, ഒടുവില്‍ വിവാഹിതനായതും ഇവിടെ വെച്ച്), ചെറിയ പള്ളി, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സി എസ.ഐ ചര്‍ച്ച്, ആഞ്ജലി മൂട്ടില് സ്ഥിതി ചെയ്യുന്ന കാതോലിക്ക പള്ളി എന്നിവ മത സാഹോദര്യത്തിന്റെ വ്യകത കാട്ടി തരുന്നു.
എന്‍റെ ഗ്രാമത്തിലെ പ്രധാന കേന്ദ്രങ്ങള്‍ ( ചെറുപ്പക്കാര്‍ സമയം കളയാനായി, വൈകുന്നേരങ്ങളില്‍ ഒന്നിച്ചു കൂടുന്ന സ്ഥലങ്ങള്‍) അനവധി നിരവധിയാണ്. അവയില്‍ പ്രധാനമായവ പള്ളിപ്പാട് ചന്ത തന്നെ. പ്രധാനവും വാണിജ്യ പരവുമായ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ഒറ്റയടിക്ക് കാര്യങ്ങള്‍ സാധിക്കണമെങ്കില്‍ ചന്തയില്‍ തന്നെ പോകണം എന്ന് പറയും. പിന്നീട്, അമ്പലമുക്ക് (ഇരട്ടകുളങ്ങര), അരയകുളങ്ങര, കുരീക്കാട് മുക്ക്, നെടുംന്ത്ര, പള്ളിപ്പാട് മുക്ക്, എന്നിവയും പ്രധാന സ്ഥലങ്ങള്‍ തന്നെയാണ്. ആഞ്ജലി മൂട്ടില്‍ പാലത്തില്‍ നിന്ന് നോക്കിയാല്‍ കൃഷി ഇറക്കുന്ന സമയത്തും, അതിനു ശേഷവും അതിമോഹരമായ പുഞ്ച പാടങ്ങള്‍ കാണാന്‍ കഴിയുന്നു എന്നുള്ളത് ഒരു രസകരമായ കാര്യമാണ്. പാലത്തിലൂടെ പറയങ്കേരി പാലവും കടന്നു മുന്‍പോട്ടു പോയാല്‍ മാവേലികരയിലെക്കും, മാന്നാറിലേക്കും, തിരുവല്ല, കോട്ടയം എന്നീ ഭാഗങ്ങളിലേക്കും വേഗത്തില്‍ എത്തിചേരുവാന്‍ കഴിയുന്നു എന്നുള്ളത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. വേറൊരു കാര്യം ഹരിപ്പാട്ടു നിന്നും എറണാകുളത്തിനും, തിരുവന്തപുരത്തിനും ഒരേ ദൂരമാണന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
ഇപ്പൊഴു മുറിഞ്ഞു കത്തുന്ന പഞ്ചായത്ത് വിളക്കുകളും, അതികാലത്തു അമ്പലത്തില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്ന സുപ്രഭാതവും, ഇടുങ്ങിയ റോഡുകളും, പുഞ്ച പാടങ്ങളും, ആറാട്ടും, ഉത്സവങ്ങളും, ഉറിയടിയും, കാര്‍ത്തികയും, പറയെടുപ്പും, കണ്‍വനഷനുകളും, ഭാഗവത സപ്താഹ യജ്ഞങ്ങളും, എല്ലാം എല്ലാം എന്‍റെ നാടിന്‍റെ മാത്രം പ്രത്യേകതകളായി വേറിട്ട് നില്‍ക്കുന്നു. ഇടതും വലതുമായി മാറിയും മറിഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ ചായ്‌വ് ചില തെരഞ്ഞെടുപ്പുകളില്‍ പ്രകടമായി കാണാന്‍ കഴിയും എന്നാലും ഇടതിനോടാണ് കൂടുതല് ചായവെന്നു പറയുന്നതാവും ഏറെ ശരി. എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും, അതെല്ലാം എന്‍റെ നാടിന്‍റെ ഭാഗമാണന്നുളള ചിന്ത ഉള്ളവര്‍ തന്നെയാണ് ഇവിടെ ജീവിക്കുന്നവര്‍. എന്നിരുന്നാലും രണ്ടായിരത്തില്‍ ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രശംസയ്ക്കും എന്‍റെ നാടിനു ഭാഗ്യമുണ്ടായി എന്നുള്ളത് ഇവിടുത്തുകാരന്‍ എന്നുള്ള നിലയില്‍ അധികം സന്തോഷം തരുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇപ്പോഴുള്ള ചില പ്രവര്‍ത്തനങ്ങള്‍, അസ്വസ്ഥത ഉണ്ടാക്കുന്നു എന്നുള്ളതും മറച്ചു വെക്കുന്നില്ല.
"എന്‍റെ നാട് എന്‍റെ നാടെന്ന-
ഭിമാനമായി ചൊല്ലുവാന്‍ ഒന്നുമില്ലാത്തവര്‍"-
ഇത് ഞങ്ങളെ സംബന്ധിച്ചു അസ്ഥാനത്താണ്.. ഞങ്ങള്‍ പള്ളിപ്പാട് എന്ന ഹരിത സുന്ദര ഗ്രാമത്തില്‍ അഭിമാനിക്കുന്നവര്‍ തന്നെയാണ്. ഈ നാട് ഞങ്ങളുടെ ആത്മാവാണ്. അഭിമാനമാണ്. പള്ളിപ്പാട്ടുകാരന്‍ എന്ന നിലയില്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു.