Ind disable
Related Posts with Thumbnails

2010-01-24

നോക്കുകൂലി: വെറും വാക്കായി തന്നെ മാറുമോ..?

തൊഴിലാളികള്‍ അന്യായമായി നോക്കുകൂലിയും മറ്റും വാങ്ങിയാല്‍ അത്‌ തിരികെ കൊടുപ്പിക്കുമെന്ന്‌ സി.ഐ.ടി.യു. സംസ്ഥാനനേതൃത്വം കഴിഞ്ഞദിവസം തൃശ്ശൂരില്‍ നടന്ന സി.ഐ.ടി.യു. സംസ്ഥാനസമ്മേളനത്തിലാണ്‌ ഈ അന്തിമമായ തീരുമാനമുണ്ടായത്‌ . നോക്കുകൂലി, ഭൂതപ്പണം, തൊഴില്‍ മറിച്ചുവില്‍ക്കല്‍ തുടങ്ങി തൊഴിലാളിവര്‍ഗത്തിനു ചീത്തപ്പേരുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും ഒഴിവാക്കാനാണ്‌ തീരുമാനം. തൊഴിലാളികളുടെ ഭാഗത്തുനിന്ന്‌ ഇവയിലേതെങ്കിലും ഉണ്ടായാല്‍ നടപടിയെടുക്കുമെന്നുവരെ സമ്മേളനത്തിലെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്‌. തികച്ചും ഉചിതവും ധീരവുമായ പ്രഖ്യാപനമാണിത്‌. സംഘടനാബലത്തിന്റെ കൈയ്യൂക്കില്‍ കാലങ്ങളായി തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന രീതിയാണ്‌ നോക്കുകൂലി. വന്‍തൊഴിലുടമകളെ മാത്രമല്ല ചെറിയ കച്ചവടക്കാരെയും വീടുമാറുന്ന സാധാരണക്കാരെയുംവരെ ബാധിച്ചുവന്ന പ്രശ്‌നമായതിനാല്‍ നോക്കുകൂലിയാണ്‌ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടുപോന്നിട്ടുള്ളത്‌. തൊഴിലുടമ സ്വന്തം തൊഴിലാളികളെ നിര്‍ത്തി ചരക്കിറക്കിയാലും ആ പ്രദേശത്തെ അംഗീകൃത തൊഴിലാളിയൂണിയനുകളിലെ അംഗങ്ങള്‍ക്കുകൂടി കൂലിനല്‍കണമെന്ന അലിഖിതനിയമമാണ്‌ നോക്കുകൂലി. വീടുമാറുമ്പോള്‍ വീട്ടുകാര്‍ തനിച്ച്‌ കട്ടിലും അലമാരയുമൊക്കെ എടുത്തുവെച്ചാലും ഒരുകൂട്ടം തൊഴിലാളികള്‍ തൊഴിലവകാശവും കൂലിയും ആവശ്യപ്പെട്ട്‌ പിറകെയെത്തും. അതിന്‌ ചുവട് പിടിക്കാന്‍ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും.

കച്ചവടക്കാര്‍ക്ക്‌ സ്വന്തം വളപ്പില്‍ തന്റെ തൊഴിലാളികളെ നിര്‍ത്തി ചരക്കിറക്കാന്‍ അവകാശമുണ്ടെങ്കിലും അതും പലപ്പോഴും തര്‍ക്കത്തില്‍പ്പെട്ടുവരുന്നു. വളരെ സൂക്ഷ്‌മതയോടെ കൈകാര്യംചെയ്യേണ്ട യന്ത്രോപകരണങ്ങളും വസ്‌തുക്കളും അതില്‍ പരിചയം സിദ്ധിച്ചവര്‍ ഇറക്കിയാലും മറ്റൊരു കൂട്ടര്‍ നോക്കുകൂലി ആവശ്യപ്പെടുന്നു. ചരക്കിറക്കുന്നതിന്റെപേരില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടുപോന്ന ഭൂതപ്പണം കൊച്ചിത്തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെത്തന്നെ പ്രതികൂലമായി കുറച്ച് കാലം മുമ്പ് ബാധിച്ചിരുന്നു. ഭൂതപ്പണംമൂലമുണ്ടാകുന്ന അധികച്ചെലവ്‌ പേടിച്ച്‌ പലപ്പോഴും ചരക്കുകപ്പലുകള്‍ വഴിമാറിപ്പോയതാണ്‌ പ്രശ്‌നമായത്‌. ഇതെല്ലാം ആശാസ്യമല്ലാത്ത പ്രവണതകളാണെന്ന്‌ കോടതികള്‍ പലവട്ടം വിമര്‍ശിച്ചിട്ടുണ്ട്‌. ജോലിചെയ്യാതെ കൂലിവാങ്ങുന്ന ഏര്‍പ്പാട്‌ അവസാനിപ്പിക്കണമെന്ന്‌ നിര്‍ദേശിക്കുകയുംചെയ്‌തതാണ്‌. എങ്കിലും പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന്‌ ഒരു തൊഴിലാളിസംഘടന പരോക്ഷമായി സമ്മതിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. പിഴവുകള്‍ സ്വയം കണ്ടെത്തി തിരുത്തുന്നത്‌ നല്ല കാര്യമാണ്‌.മുന്‍പ്‌ പലതവണ സി.പി.എം.നേതാക്കള്‍തന്നെ നോക്കുകൂലി തെറ്റായരീതിയാണെന്ന നിലപാട്‌ കൈക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ ഈ സമ്പ്രദായം ഇല്ലാതാവുമെന്ന്‌ ഏവരും പ്രതീക്ഷിക്കുകയുംചെയ്‌തു. എന്നാല്‍ അത്‌ നടപ്പായില്ല.

സാമ്പത്തികനഷ്‌ടം മാത്രമല്ല സാധാരണക്കാരെ നോക്കുകൂലിക്കെതിരെ തിരിച്ചത്‌. ഒരുകൂട്ടമാളുകള്‍ ജോലിയെടുക്കാതെ പണംവാങ്ങുന്നുവെന്നതിലെ ധാര്‍മികരോഷവും അവരെ വിഷമിപ്പിച്ചു. തൊഴിലിന്റെയും വിയര്‍പ്പിന്റെയും വില അറിയാവുന്നവരും ചെയ്‌തജോലിക്ക്‌ കൂലി കണക്കുപറഞ്ഞു വാങ്ങുന്നവരുമായ തൊഴിലാളിസംഘടനകള്‍തന്നെയാണ്‌ ഇത്തരത്തില്‍ അധാര്‍മികമായ നിലപാട്‌ കൈക്കൊണ്ടത്‌ എന്നത്‌ വൈരുധ്യമായി. ഏതായാലും നോക്കുകൂലിയും ഭൂതപ്പണവും മാത്രമല്ല, തൊഴിലുടമയുമായി കരാറുണ്ടാക്കി നേടിയെടുക്കുന്ന ജോലി മറ്റൊരാള്‍ക്ക്‌ വന്‍തുകയ്‌ക്ക്‌ മറിച്ചുനല്‍കുന്നരീതിയും നിര്‍ത്തിവെക്കാന്‍ ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്‌. ഈ തീരുമാനം നടപ്പാക്കാന്‍ തൊഴിലാളികളും സംഘടനയും ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകേണ്ടതുണ്ട്‌. പണ്ട്‌, കുറഞ്ഞകൂലിനല്‍കിവന്ന തൊഴിലുടമകളെ സംഘടിതശക്തിയുടെ ബലത്തില്‍ മുട്ടുകുത്തിച്ച്‌, ന്യായമായ കൂലി നേടിയെടുത്ത തൊഴിലാളിസംഘടനകള്‍ മനസ്സുവെച്ചാല്‍ ഈയൊരു തിരുത്തല്‍ നടപ്പാക്കാന്‍ തെല്ലും വിഷമമുണ്ടാവില്ല. അതിനുള്ള ഇച്ഛാശക്തി തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകണം. എല്ലാ തൊഴിലാളിസംഘടനകളും ഈ മാതൃക പിന്തുടരുകയുംവേണ്ടതാണ്‌. എവിടെയെങ്കിലും ഇത്തരം അന്യായമായ പിടിച്ചുവാങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തടയാന്‍ തൊഴിലാളികള്‍ സ്വമേധയാ മുന്നോട്ടുവരികതന്നെവേണം. ഉയര്‍ന്ന രാഷ്ട്രീയപ്രബുദ്ധതയും സാക്ഷരതാനിലവാരവുമുള്ള മലയാളിസമൂഹത്തിനും ഇവിടത്തെ തൊഴിലാളിസംഘടനകള്‍ക്കും ഇത്തരം മോശമായ പ്രവണതകള്‍ തെല്ലും ചേരുന്നതല്ല. അല്ലേങ്കില്‍ തന്നെ ഇതെല്ലാം നടപ്പാക്കാന്‍ ബാധ്യസ്തരായ രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ പറയുന്നത് വെറും വാക്കായി തന്നെ പരിണമിക്കുമോ എന്ന് കാത്തിരുന്ന് കാണാം. അതല്ലേ പാവം ജനങ്ങള്‍ എന്ന നിലയില്‍ നമുക്ക് കഴിയൂ..!!

12 comments:

റ്റോംസ് കോനുമഠം said...

നോക്കുകൂലി നമ്മുടെ നാടിന്റെ ശാപമായി തീര്‍ന്നിട്ട് വളരെ നാളുകളായി. എന്നാലിന്ന് ഇതിനൊരറുതി വരുമെന്ന് ഇപ്പോള്‍ നേരിയൊരു പ്രതീക്ഷ. അത് പൂവണിയുമോ..?

indhumenon said...

നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം തന്നെയാണ്‌ നോക്കുകൂലി.
ഇതൊന്നും മാറാന്‍ പോകുന്നില്ല.ഒരിക്കലും മാറില്ല.
മാറുമെന്നും പ്രതീക്ഷിക്കുകയും വേണ്ടാ..
ആശംസകള്‍...!!

idea star singer - season 4 said...

ഇതൊന്നും മാറാന്‍ പോകുന്നില്ല

തണല്‍ said...

ഒന്ന് നോക്കിയാല്‍ പോലും 'ഭൂതക്കൂലി' നല്‍കേണ്ടി വരുന്ന ലോകം!!!
ശവം കൊണ്ടുപോകുമ്പോഴും നോക്കുകൂലി കൊടുക്കേണ്ടി വരും.

പ്രേം said...

വെറുതെ ഒന്ന് നോക്കിയാലും കൂലി, എന്താ ചെയ്കാ എന്നാല്‍ അതൊന്നു എടുത്താലോ .. നമ്മുടെ നാടല്ലേ ഈ നൂറ്റാണ്ടില്‍ മാറുമെന്നു തോന്നുന്നുണ്ടോ, ചിലപ്പോള്‍ കഴിഞ്ഞ നൂറ്റാണ്ടിലും ആരെങ്കിലും പറഞ്ഞുകാണും, അടുത്തതിലും ആവര്‍തിക്കുമായിരിക്കും.
നല്ല പോസ്റ്റു വായിച്ച സന്തോഷം.

വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

നോക്ക് കൂലിയെ പറ്റി ഉള്ള ഈ എഴുത്ത് വളരെ നന്നായിടുണ്ട്.

നോക്ക് കൂലി എന്നാ വാക്ക് CITU കോ അല്ലെങ്ങില്‍ അത് പോലെ ഉള്ള ചില തൊഴിലാളികള്‍ക്കോ മാത്രമായി ഒതുങ്ങുനതല്ല. ഇവിടെ അല്ലാതെ എത്രയോ ഹൈടെക് നോക്ക് കൂലി വാങ്ങുനവരുണ്ട്. ഈ കയ്കൂലി എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ നോക്ക് കൂലി തന്നെ അല്ലെ. അത് പോലെ ഇന്ത്യ എന്നാ ലോകത്തെ ഏറ്റവും വലിയ ഡെമോക്രസി നന്നാവണം എങ്കില്‍ ഈ നോക്ക് കൂലി + കയ്കൂലി മുതലായ വെറുതെ ഇരുന്നു തിന്നുന്ന പരുപടികള്‍ അവസാനിക്കണം.

എന്നാലും ഒരു കാര്യം പറയാം. വെറുതെ ഇരുന്നു കുറച്ചു കാശു കിട്ടുന്ന ജോലിക്ക് പോവാനാണ് എനിക്കിഷ്ട്ടം! എന്താ അങ്ങന്നെ അല്ലെ എല്ലാവര്ക്കും? അല്ല എന്ന് പറയുനവര്‍ ഒരു തുറന്ന ചര്‍ച്ചക്ക് എന്നെ കോണ്ടാക്റ്റ് ചെയണം. അവന്നെ ഉടന്നെ എന്റെ കമ്പനിയില്‍ എടുക്കുനതയിരിക്കും ;-)

അരുണ്‍ കായംകുളം said...

എവിടെ?ആരോട്?

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം

കൊട്ടോട്ടിക്കാരന്‍... said...

:)

ജീവി കരിവെള്ളൂര്‍ said...

ഇനി വാക്കുകൂലിയും വരുമോ?

എന്നെങ്കിലും ഈ ശാപങ്ങള്‍ മാറുമെന്ന പ്രതീക്ഷയോടെ

http://gvkarivellur.blogspot.com

ബിജുക്കുട്ടന്‍ said...

നോക്ക് കൂലി ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അതെ, ഇതിനൊരു മാറ്റം പ്രതീക്ഷിക്കാമെന്ന പ്രതീക്ഷ തന്നെയില്ല.

ലേഖനം കൊള്ളാം

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP